ജയ്പൂർ: ഏകാധിപതികളുടെ പാർട്ടിയല്ല കോൺഗ്രസെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിനെ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. തന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന് രാഹുൽ ഗാന്ധി ബിജെപിയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞു. എന്നാൽ ജനങ്ങൾ ഇത് തള്ളി. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കർണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയിൽ ഏറ്റവും മികച്ചു നിന്നു. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ജനം യാത്രയ്ക്ക് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാദ്ധ്യമങ്ങൾ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീർക്കാൻ പരിശ്രമിക്കുകയാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയാണ്. ഇവരെ ഏറ്റവും കൂടുതൽ സഹായിച്ചത് മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാൻ തർക്കത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം മല്ലികാർജ്ജുൻ ഖാർഗെയോട് ചോദിക്കണമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. താൻ കോൺഗ്രസ് അധ്യക്ഷനല്ലെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

