വിഷമദ്യ ദുരന്തം: ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് നിതീഷ് കുമാര്‍

ബീഹാര്‍: സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്യവെ അറിയിച്ചു. മരിച്ചവരുടെ എണ്ണം ഇതിനിടെ 53 ആയി ഉയര്‍ന്നു. മദ്യപിച്ച് മരിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. നിങ്ങള്‍ കുടിച്ചാല്‍ നിങ്ങള്‍ മരിക്കും. മദ്യപാനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് ഇന്നലെ നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്നലെ നിയമസഭയില്‍ പ്രകടനം നടത്തുകയും ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി എംഎല്‍എമാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ ബഹളമുഖരിതമാക്കി.

അതേസമയം, മറ്റൊരു മദ്യദുരന്തം കൂടി ബിഹാറിലെ സിവാനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഇതിനകം നാല് പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് 2016 ഏപ്രിലിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ പ്രസ്ഥാവനക്കെതിരെയും ബിജെപി രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.