തൃശൂർ: കുതിരാൻ തുരങ്കത്തിന് സമീപത്തുള്ള കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലത്ത് സന്ദർശനം നടത്തി റവന്യു മന്ത്രി കെ രാജൻ. ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കൽക്കെട്ട് മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മിച്ചതെന്നാണ് മനസിലാക്കുന്നത്. റോഡിൽ പോലും വിള്ളലുണ്ടായിരിക്കുകയാണ്. നിർമ്മാണത്തിൽ പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് തുറന്ന് കൊടുത്തതെന്ന് അദ്ദേഹം ചോദിക്കുന്നു.
വിഷയത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായിട്ടുണ്ട്. ജനത്തിന്റെ ആശങ്ക ശരിയാണ്. സന്ദർശനം അറിഞ്ഞ ദേശീയപാതാ അതോറിറ്റി ഇന്നലെ രാത്രി റോഡിൽ വിള്ളൽ വീണ ഭാഗത്ത് ഓട്ടയടച്ചു പോയി. പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനുള്ളിൽ സ്ഥലത്തെത്തി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. അടിയന്തിര റിപ്പോർട്ട് നാളെത്തന്നെ സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷ, കോമ്പൗണ്ട് വാൾ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തും. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

