കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ വിദ്യാർത്ഥി സമരം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിറ്റി

തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമ്മിറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകും. ഉന്നത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നംഗ ഉദ്യോഗസ്ഥതല കമ്മിറ്റിയെ ഇതിനായി നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ രണ്ട് അഡീഷണൽ സെക്രട്ടറിമാരുൾപ്പെട്ട കമ്മിറ്റിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ എത്രയും പെട്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി നേരിൽ സംസാരിച്ച് വിവരങ്ങൾ തേടുമെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരേ ജാതി വിവേചനവും കെടുകാര്യസ്ഥതയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങളായി വിദ്യാർഥികൾ സമരം ചെയ്യുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ, താത്കാലിക തൊഴിലാളികളെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടു ജോലി നിർബന്ധിച്ച് ചെയ്യിച്ചു എന്ന വെളിപ്പെടുത്തൽ പുറത്തു വന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരെ ഉപയോഗിച്ച് വീട്ട് ജോലി ചെയ്യിച്ച ഡയറക്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം വീട്ട് ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്ന് സ്വീപ്പർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കും വ്യാപിച്ചു. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറിലാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്.