രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധം സംഘടിപ്പിച്ചു; 30 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ(25) തൃശ്ശൂർ പാവറട്ടി സ്വദേശി നിഹാരിക(21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീൻ(25) എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയുമാണ് മ്യൂസിയം പോലീസ് കേസെടുത്തിട്ടുള്ളത്. ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാർ ടാഗോർ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു.

പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും ഇവർ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടർന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും പോലീസ് അറിയിച്ചു.

നിയമവിരുദ്ധമായി സംഘംചേരൽ, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ റിസർവേഷനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രതിഷേധത്തിൽ കലാശിച്ചത്. തിങ്കളാഴ്ചയാണ് ചലച്ചിത്രമേള നടക്കുന്ന ടാഗോർ തിയേറ്ററിൽ പ്രതിഷേധം നടന്നത്. ചിലർ ടാഗോർ തിയേറ്ററിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം നടത്തിയത്.