ഗവർണറുടെ ക്രിസ്മസ് വിരുന്ന്; സ്പീക്കറും പങ്കെടുക്കില്ല, പൊതുപരിപാടിയുള്ളതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ല. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാലാണ് ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാത്തതെന്നാണ് സ്പീക്കറുടെ ഓഫീസിൽ നിന്നും ലഭിച്ചിരിക്കുന്ന വിശദീകരണം. സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സ്പീക്കറുടെ പിന്മാറ്റമെന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണർ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, വിരുന്നിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ല. ഡൽഹിയിലായതിനാലാണ് വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. ഇന്നാണ് രാജ്ഭവനിൽ വിരുന്ന് നടക്കുക.