മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേരളത്തിന് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ 2014 ഭരണഘടന ബഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ വില്‍സ് മാത്യു, മാത്യു നെടുംമ്പാറ എന്നിവര്‍ ഹര്‍ജി നല്‍കി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന് സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ താമസിക്കുന്ന 60 ലക്ഷത്തോളം കേരളീയരുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നതിനാല്‍ ഇതിന് പരിഹാരമായി പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് ഏക പരിഹാരമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആയുസ്സ് ഏറെയായതിനാല്‍ 40 വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, 2006 -ല്‍ മുല്ലപ്പെരിയാര്‍ പരിസ്ഥിതി ഫോറം കേസില്‍ സുപ്രീംകോടതി, അണക്കെട്ട് സുരക്ഷിതമാണെന്നും അത് പൊട്ടിയാലും ജലം ഇടുക്കി ജലസംഭരണിയിലേക്ക് പോകുമെന്നും അവകാശപ്പെട്ടു. കൂടാതെ കാലവര്‍ഷം ഏറ്റവും കൂടിയ കാലത്ത് പോലും പകുതിയോളം നിറയാത്ത ഇടുക്കി ജലസംഭരണിയിലേക്ക് ഈ ജലം പോകുമെന്നും വിധിച്ചിരുന്നു.

എന്നാല്‍, ഇങ്ങനെ വന്നാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആയിരങ്ങള്‍ ഒഴുകിപ്പോകുമെന്നത് കോടതി ശ്രദ്ധിച്ചില്ലെന്നും ഏകദേശം 2000 അടി ഉയരത്തില്‍ നിന്ന് പശ്ചിമഘട്ടത്തിന്റെ താഴ്വരയിലേക്ക് വെള്ളം കുത്തിയൊഴികിയാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മരണം സംഭവിച്ചേക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി അനുമാനിച്ച തരത്തില്‍ വെള്ളം താഴേക്ക് ഒഴുകണമെന്നില്ലെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ക്കുന്നു.