സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മിക്സഡ് യൂണിഫോമിന്റെ കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി സഭയില്‍ പറഞ്ഞു.

‘പൊതു സമൂഹത്തിന്റെ അഭിപ്രായം ആരായുന്നതിനുള്ള ആശയം മാത്രമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് ഒരു തീരുമാനമല്ല. ഒപ്പം സ്‌കൂള്‍ സമയ മാറ്റം, പൊതുയൂണിഫോം, മിക്സഡ് സ്‌കൂള്‍ എന്നിങ്ങനെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ചില തീവ്രവാദ സംഘടനകള്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള അസമത്വം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം’- മന്ത്രി വ്യക്തമാക്കി.

അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ നിയമസഭയില്‍ മുസ്ലീം ലീഗ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ജന്‍ഡര്‍ ന്യൂട്രോലിറ്റിയല്ല ജന്‍ഡര്‍ കണ്‍ഫ്യൂഷനാണ് നടക്കുന്നതെന്ന് പറഞ്ഞാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെ എന്‍ ഷംസുദീന്‍ എം.എല്‍എ നിയമസഭയില്‍ വിമര്‍ശിച്ചത്. ജന്‍ഡര്‍ വേര്‍തിരിവ് ജൈവശാസ്ത്ര പരമെന്നും മറിച്ചുള്ള നിലപാട് വിവരക്കേട് എന്നും ലീഗ് അംഗം പറഞ്ഞു.