സ്വന്തമായി അരവണ ടിൻ നിർമ്മിക്കുന്ന പ്ലാന്റ് തയ്യാറാക്കാൻ ദേവസ്വം ബോർഡ്; നിർമ്മിക്കുക പരിസ്ഥിതി സൗഹൃദമായ ടിന്നുകൾ

പത്തനംതിട്ട: സ്വന്തമായി അരവണ ടിൻ നിർമ്മിക്കുന്ന പ്ലാന്റ് തയ്യാറാക്കാൻ തീരുമാനിച്ച് ദേവസ്വം ബോർഡ്. അടുത്ത വർഷം മുതൽ സ്വന്തമായി നിർമ്മിക്കുന്ന ടിന്നിൽ അരവണ പ്രസാദം വിതരണം ചെയ്യാൻ ആണ് ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നത്. പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ടിന്നുകളായിരിക്കും പ്ലാന്റിൽ ഉത്പാദിക്കുന്നതെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്ത ഗോപൻ അറിയിച്ചത്.

നിലവിൽ കണ്ടെയ്നർ നിർമ്മാണത്തിന് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുകയാണ് ചെയ്യുന്നത്. ഇവർ വിതരണം ചെയ്യുന്നത് ഗുണമേന്മ കുറഞ്ഞ കണ്ടെയ്നറാണ്. ഇത് അരവണ നിർമ്മാണത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുന്നത്.

കരാർ ഏറ്റെടുത്ത കമ്പനി ആവശ്യത്തിന് ടിൻ നൽകാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഗുണനിലവാരം ഇല്ലാത്ത ടിന്നിൽ അരവണ നിറയ്ക്കുന്നത് മൂലം വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് കൂടിയാണ് പുതിയ നടപടി.