ന്യൂഡൽഹി: അടിമുടി പരിഷ്ക്കരണത്തിന് എയർ ഇന്ത്യ. 500 ജെറ്റ്ലൈനർ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എയർബസ്, ബോയിങ് എന്നീ കമ്പനികളിൽ നിന്നാവും എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുകയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർബസ് A350, ബോയിങ്ങ് 787, 777, എന്നീ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങുക. അതേസമയം, ഈ വാർത്തകളോട് എയർ ഇന്ത്യയോ ബോയിങ്ങോ എയർബസോ പ്രതികരിച്ചിട്ടില്ല.
ആയിരം കോടി ഡോളറോളം തുക വിമാനങ്ങൾ വാങ്ങാനായി എയർ ഇന്ത്യ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്. സിംഗപ്പൂർ എയർലൈൻസിന്റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര എയർലൈൻസ് അടുത്തിടെ എയർ ഇന്ത്യയിൽ ലയിച്ചിരുന്നു.
ഇന്ത്യയിലെ എറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമാണ് എയർ ഇന്ത്യ. 218 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്.

