മൂന്നാർ: ഇക്കാനഗറിലെ സർവ്വെ നമ്പർ 843 ലെ മുഴുവൻ ഭൂമിയും മൂന്ന് മാസത്തിനുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി. അതുവരെ തൽസ്ഥിതി തുടരണമെന്നാണ് നിർദ്ദേശം. കെഎസ്ഇബിയുടെ നേത്യത്വത്തിൽ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെപ്പോലെ കെഎസ്ഇബിയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ റവന്യു വകുപ്പിന് പട്ടയ അപേക്ഷകൾ നൽകി കാത്തിരിക്കുകയാണ്. ഇതിനിടെയാണ് താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം കെഎസ്ഇബി ആരംഭിച്ചത്.
പോലീസിന്റെ സഹായത്തോടെ കെഎസ്ഇബി അധിക്യതർ കഴിഞ്ഞ ദിവസം ഇക്കാനഗറിൽ എത്തിയിരുന്നു. തുടർന്ന് ഇവിടുത്തെ താമസക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സാഹചര്യം കണക്കിലെടുത്ത ഹൈക്കോടതി കെ എസ് ഇ ബി അവകാശപ്പെട്ടുന്ന ഭൂമികൾ അളന്ന് തിട്ടപ്പെടുത്താൻ റവന്യുവകുപ്പിനോട് നിർദ്ദേശിച്ചു. കെ എസ് ഇ ബിയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതോടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരണം കാണാൻ കഴിയുമെന്നാണ് ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബി ബിനു വ്യക്തമാക്കുന്നത്.

