ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നരേന്ദ്ര മോദി ലോകത്തിന്റെ തന്നെ, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാകാര്യങ്ങളും കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ട്. ഇന്ത്യൻ പൗരൻമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജി-20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് ലഭിച്ചത് ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്. അതിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ജി20 എന്നത് ഒരു രാഷ്ട്രീയഗ്രൂപ്പിന്റെ വിജയമോ തർക്കവിഷയമോ അല്ല. ജി-20 ഉച്ചകോടിയുടെ വിജയം നമുക്കെല്ലാവർക്കും അഭിമാനകരമാകുമെന്ന കാഴ്ചപ്പാട് രാജ്യത്തുടനീളമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജി-20 നേട്ടത്തിന് ആവശ്യമില്ലാത്ത പരസ്യമാണ് നേതാക്കൾ നൽകുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തെ എങ്ങനെ കാണുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുകൾ പറയാൻ അർഹതയുണ്ടെന്നായിരുന്നു ജയശങ്കർ നൽകിയ മറുപടി.

