കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മരുന്ന് നൽകി കാരിയറാക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പെൺകുട്ടിയെ കാരിയറാക്കിയ സംഭവത്തിലെ പ്രതിയെ വിട്ടയച്ച പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയ്ക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
ഡിസംബർ 27 ന് കോഴിക്കോട്ടെ സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. അതേസമയം, അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരി മാഫിയ ക്യാരിയർ ആക്കിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി മരുന്ന് നൽകി കാരിയറാക്കിയ സംഭവം പുറത്തു വന്നത്. ആദ്യം ലഹരി കലർത്തിയ ബിസ്ക്കറ്റ് നൽകി. പിന്നീട് ഇൻജക്ഷൻ അടക്കം നൽകി ലഹരിക്ക് അടിമയാക്കിയ ശേഷം ലഹരി കടത്തിന് ഉപയോഗിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
തന്നെപ്പോലെ മറ്റു പലരും ഇത്തരത്തിലുണ്ടെന്നും ഈ കുട്ടി പറഞ്ഞിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. തെളിവില്ലെന്ന് കണ്ടാണ് യുവാവിനെ വിട്ടയച്ചതെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. തുടർന്നാണ് വിഷയത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയത്.

