മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ല; അമിത് ഷായ്ക്ക് അനുകൂല തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അനുകൂല തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2002ൽ അക്രമം നടത്തിയവരെ ഒരു പാഠം പഠിപ്പിച്ചു എന്ന പരാമർശം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷാ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ റിപ്പോർട്ട് പരിശോധിച്ച് നിയമോപദേശം തേടിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാൻ കോൺഗ്രസ് പ്രേരിപ്പിക്കാറുണ്ടായിരുന്നു. അത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് വോട്ട് ശക്തിപ്പെടുത്തി. വോട്ട്ബാങ്ക് ലക്ഷ്യം വെക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു. 2002-ൽ ഗുജറാത്തിൽ കലാപം ഉണ്ടാകാൻ കാരണം അക്രമികൾക്ക് കോൺഗ്രസിൽ നിന്ന് ലഭിച്ച പിന്തുണയാണെന്നും അദ്ദേഹം റാലിയിൽ പരാമർശിച്ചിരുന്നു.

2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഇവരൊക്കെ അക്രമത്തിന്റെ പാത വിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിന്നു. ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചുവെന്നും അമിത് ഷാ തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കിയിരുന്നു.