ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതയിലെ 5 കിലോമീറ്റർ ഭാഗം 6 വരിയാക്കുന്നു. മാർച്ച് 31ന് മുൻപ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കും. പല സ്ഥലങ്ങളിലായി ആദ്യം പണി പൂർത്തിയാകുന്ന ഭാഗങ്ങളാണ് ഇതിന് പരിഗണിക്കുന്നത്. അതേസമയം, അടുത്ത ഡിസംബറോടെ ആലപ്പുഴയിലെ സമാന്തര ബൈപാസിന്റെ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാലും ഭാരപരിശോധന നടത്താൻ ഏതാനും മാസം കൂടി വേണ്ടിവരും. അതിനാൽ സമാന്തര ബൈപാസിലൂടെ ഗതാഗതം ആരംഭിക്കുന്നത് എന്നുമുതലാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
ആലപ്പുഴ സമാന്തര ബൈപാസിന്റെ പണികൾ ആരംഭിച്ചത് ഓഗസ്റ്റ് 5ന് ആണ്. 10 തൂണുകളുടെ പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 3.43 കിലോമീറ്ററാണ് സമാന്തര ബൈപാസിന്റെ ഭാഗമായ മേൽപാലത്തിന്റെ നീളം. ഇതിന് 95 സ്പാനുകളും 96 തൂണുകളുമുണ്ടാകും. ഇനി ആരംഭിക്കാനുള്ള വലിയ പണികൾ തുറവൂർ – അരൂർ ആകാശപ്പാത, തോട്ടപ്പള്ളിയിൽ സമാന്തര പാലം തുടങ്ങിയവയാണ്. വണ്ടാനം, ഹരിപ്പാട്, ചേപ്പാട്, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കും. രാജ്യത്തെ ഏറ്റവും വലിയ മേൽപാതയായിരിക്കും അരൂർ – തുറവൂർ ആകാശപ്പാത 12.75 കിലോമീറ്ററായിരിക്കും ഇതിന്റെ നീളം.

