ദോഹ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഒരു ഗോളിന് മുട്ടുകുത്തിച്ചാണ് മൊറോക്കോ സെമിയില്‍. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ സെമിയില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ. യൂസഫ് എന്‍ നെസിറിയുടെ ഉയര്‍ന്നുചാടിയുള്ള ഹെഡ്ഡറാണ് മൊറോക്കോയുടെ ഭാഗ്യം നിര്‍ണയിച്ചത്. പോര്‍ച്ചുഗലിന്റെ വിധിയെഴുതിയതും ഈ ഗോളായിരുന്നു. 42-ാം മിനിറ്റിലായിരുന്നു ആ സുവര്‍ണ്ണ ഗോള്‍.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേയാണ് മൊറോക്കോ ലീഡ് നേടിയത്. ഇടതുവിങ്ങില്‍ നിന്ന് യഹിയ എല്‍ ഇദ്രിസി ഉയര്‍ത്തി നല്‍കിയ ക്രോസ്് ഹെഡ് ചെയ്ത് നെസിറി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മൊറോക്കോ പല തവണ അവസരങ്ങള്‍ പാഴാക്കി. പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ മുന്‍പില്‍ നിന്നു. പോര്‍ച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്‌സായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ജാവോ കാന്‍സലോയെയും പോര്‍ച്ചുഗല്‍ കളത്തിലിറക്കി. എന്നാല്‍ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിന്റെ വിധി മാറ്റാനായില്ല. തൊണ്ണൂറാം മിനിറ്റില്‍ താരം ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തെങ്കിലും ഗോളി യാസിന്‍ ബോനോ അത് രക്ഷപ്പെടുത്തി.
അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ പെപ്പേ ഹെഡ്ഡറിലൂടെ ഗോള്‍ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും അതും പുറത്തുപോയി. ഇതോടെ പോര്‍ച്ചുഗലിന്റെ തോല്‍വി പൂര്‍ണമായി. 2006 ന് ശേഷം ആദ്യ ലോകകപ്പ് സെമിയെന്ന പറങ്കിപ്പടയുടെ സ്വപ്നമാണ് ഇതോടെ പൊലിഞ്ഞത്.

