കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ‘കൊട്ടും വരയും’ പരിപാടി സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 5.30 ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് കോഴിക്കോട് ബീച്ചില്‍ പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയില്‍ 61 വിദ്യാര്‍ത്ഥികള്‍ ബലൂണുകളുമായി അണിനിരക്കും.
ചിത്രകാരന്മാരും വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്ന പരിപാടിയില്‍ ഓപ്പണ്‍ ക്യാന്‍വാസ് തയ്യാറാക്കുന്നതിനൊപ്പം കലാ മണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി.എം. മുഹമ്മദലി, ജോ. കണ്‍വീനര്‍ കെ.കെ. ശ്രീഷു എന്നിവര്‍ അറിയിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എം എല്‍ എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ എന്നിവരുള്‍പ്പടെയുള്ള 61 ജനപ്രതിനിധികള്‍ ചടങ്ങിന്റെ ഭാഗമാകും.
അതേസമയം, 2023 ജനുവരി 3 മുതല്‍ ഏഴുവരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളില്‍ നിന്നായി 14,000 കുട്ടികള്‍ ഈ കലാകായിക മാമാങ്കത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 60 -മത് സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കിയത് പാലക്കാട് ജില്ലയായിരുന്നു.

