ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; കരുത്ത് തെളിയിച്ച് ആംആദ്മി പാർട്ടി, നേടിയത് 13 ശതമാനം വോട്ട്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ നേട്ടം സ്വന്തമാക്കിയ വേളയിലും തിളക്കം മങ്ങാതെ ആംആദ്മി പാർട്ടി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീഴേണ്ട പല വോട്ടുകളും ആംആദ്മി പാർട്ടി സ്വന്തമാക്കി. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും ആംആദ്മി പാർട്ടിയ്ക്ക് കഴിഞ്ഞു. ഗുജറാത്തിൽ വലിയ ഭൂരിപക്ഷം ലഭിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗുജറാത്തിൽ 13 ശതമാനം വോട്ടുകൾ നേടാൻ ആം ആദ്മിക്ക് കഴിഞ്ഞു. ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചതെങ്കിലും ഈ വോട്ടു ശതമാനം കൊണ്ട് ഭാവിയിൽ കൂടുതൽ മുന്നേറാനുള്ള അടിത്തറ പാകാൻ പാർട്ടിയ്ക്ക് സാധിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിജയം കൂടിയാണിത്. കെജ്രിവാൾ മാജിക്ക് ഡൽഹിയ്ക്ക് പുറത്തേക്കും കടക്കുന്നതിന്റെ സൂചനയാണിത്. ഗുജറാത്തിലെ ജനങ്ങളുടെ വോട്ട് കൊണ്ട് ആം ആദ്മി പാർട്ടി ഇന്ന് ദേശീയ പാർട്ടിയായി മാറുകയാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന് ആദ്യമായി രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദേശീയപാർട്ടി പദവി ലഭിക്കാനായി ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലാണ് സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും ആറ് ശതമാനം വോട്ടും ലഭിച്ചാൽ സംസ്ഥാന പാർട്ടി പദവി ലഭിക്കും. നിലവിൽ ഡൽഹി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ ആംആദ്മി പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവിയുണ്ട്. ഗുജറാത്തിൽ കൂടി സംസ്ഥാനപദവി ലഭിക്കുന്നതോടെ ആംആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറും.