പ്രതീക്ഷയില്‍ മുന്നണികള്‍; ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഗുജറാത്തിലെ എക്സിറ്റ് പോള്‍ ഫലം വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഹിമാചലില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്.

അതേസമയം, 130ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം. 2017ല്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 30 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്നാല്‍, ആംആദ്മി പാര്‍ട്ടി അത്ഭുതങ്ങള്‍ കാണിക്കില്ലെന്നാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരം ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണങ്ങളായിരുന്നു സംസ്ഥാനത്ത് എഎപിയും കോണ്‍ഗ്രസും ഇറക്കിയത്. അതിനാല്‍ തന്നെ ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുപാര്‍ട്ടികളും.

ഭരണവിരുദ്ധ വികാരവും വിമത ഭീഷണിയുമാണ് ബിജെപിയുടെ വെല്ലുവിളി. ശക്തമായ നേതൃത്വമില്ലായ്മ പ്രചാരണത്തിലടക്കം കോണ്‍ഗ്രസിന് അടിയായിരുന്നു. 68 അംഗ നിയമസഭയില്‍ 45ലധികം സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കണക്കുകൂട്ടല്‍. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 2017ലേതിനെക്കാള്‍ പോളിങ് ശമതാനം കുറവായിരുന്നു.