‘ചാന്‍സലറുടേത് കുട്ടിക്കളി’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിക്കുകയായിരുന്നു കോടതി.

‘ചാന്‍സലറുടേത് കുട്ടിക്കളിയാണ്. വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിന്‍വലിക്കുന്നതിനു കാരണമല്ല. കേസ് പരിഗണിക്കുമ്പോള്‍ ചട്ടപ്രകാരം സെനറ്റ് അംഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നു പറയാനാവില്ല’- കോടതി പറഞ്ഞു.

അതേസമയം, സെനറ്റ് അംഗങ്ങളെ നിയമിച്ചതു ചാന്‍സലറാണ്. അതിനാല്‍, ചാന്‍സലറുടെ നടപടി അംഗങ്ങള്‍ക്ക് എങ്ങനെ ചോദ്യം ചെയ്യാമെന്നും കോടതി ചോദിച്ചു. സെനറ്റ് യോഗത്തില്‍ നിന്നു വിട്ട 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. ഇരുവിഭാഗവും ചെറിയ വിട്ടു വീഴ്ചയ്ക്കു തയാറായാല്‍ കേരള സര്‍വകലാശാല സെനറ്റ് പ്രശ്‌നം തീരുമെന്നായിരുന്നു നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം. സര്‍വകലാശാലയില്‍ നിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.