ഭാരത് ജോഡോ യാത്രയ്ക്കിടെ നരേന്ദ്ര മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം; വേറിട്ട രീതിയിൽ മറുപടിയുമായി രാഹുൽ

ന്യഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ആർപ്പുവിളിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലൂടെ യാത്ര കടന്നുപോകുമ്പോഴായിരുന്നു സംഭവം. മോദി.. മോദി.. എന്ന് വിളിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രകടനം.

അതേസമയം, ആൾക്കൂട്ടത്തിന് നേരെ ഫ്‌ളയിംഗ് കിസ് നൽകുന്ന രാഹുലിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഭാരത് ജോഡോ യാത്ര അഗർ മാൽവ ജില്ലയിലൂടെ കടന്നുപോകവെയാണ് യാത്ര കാണാൻ നിന്ന ചിലർ മോദി-മോദി മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചത്.

മോദിയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടത്തിന് നേരെ രാഹുൽ ആദ്യം കൈ വീശി കാണിച്ചു. പിന്നീട് ആൾക്കൂട്ടത്തിന് നേരെ അദ്ദേഹം ഫ്‌ളയിംഗ് കിസ്സുകൾ നൽകി. പ്രകോപിതരായ സഹപ്രവർത്തകരായ ഭാരത് ജോഡോ യാത്രികരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രാഹുലിനെയും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.