‘സാഹചര്യമെന്ത്?’; വിഴിഞ്ഞം അക്രമം എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞത്തെ അക്രമ സംഭവങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസ് പരാജയമാണെന്നും അതിനാല്‍ അക്രമ സംഭവങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഗോപകുമാരന്‍ നായര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസെടുത്ത് ദിവസങ്ങള്‍ക്കകം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

അതേസമയം, ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ‘നിലവില്‍ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. എന്‍ഐഎ ആക്ട് എന്താണെന്ന് അറിയുമോ? ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറേണ്ട സാഹചര്യമെന്താണ്?’- കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. സംസ്ഥാന പോലീസ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പതിനായിരം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ പതിനായിരം പേരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്നും, അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കേസില്‍ പ്രതികളാകുകയെന്നും എല്ലാവരെയും പ്രതിചേര്‍ക്കുന്നത് എങ്ങനെ എന്നും കോടതി ആരാഞ്ഞു.