സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; ചരിത്ര തീരുമാനവുമായി എ എൻ ഷംസീർ

തിരുവനന്തപുരം: ചെയർമാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ചരിത്ര തീരുമാനം സ്വീകരിച്ച് എ എൻ ഷംസീർ. സ്പീക്കർ പാനലിൽ മുഴുവൻ അദ്ദേഹം വനിതകളെ ഉൾപ്പെടുത്തി. യു പ്രതിഭ, സി കെ ആശ, കെ കെ രമ എന്നിവരെയാണ് സ്പീക്കർ പാനലിൽ ഉൾപ്പെടുത്തിയത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ തന്നെയാണ്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയവർ സഭയിൽ ഇല്ലാത്ത സമയം സഭാ നടപടികൾ നിയന്ത്രിക്കുവാനുള്ള ചുമതല പാനൽ അംഗങ്ങൾക്കാണ്.

മൂന്ന് പേരാണ് പാനലിൽ ഉള്ളത്. ഒരു വനിതാ അംഗത്തെയാണ് സാധാരണ ഗതിയിൽ പാനലിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതാദ്യമായാണ് കേരളാ നിയമസഭയിൽ ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത്. ആദ്യ സമ്മേളനത്തിൽത്തന്നെ എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുന്ന തരത്തിലുള്ള തീരുമാനമാണ് സ്പീക്കറുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ആർഎംപി നേതാവ് കെ കെ രമ പാനലിൽ ഉൾപ്പെട്ടതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരംഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ കെ രമയെ പാനലിൽ ഉൾപ്പെടുത്തിയത്.