വ്യവസായികൾക്ക് കേരളം സാത്താന്റെ നാട്; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു വരികയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

യുവജനങ്ങളിൽ 40 % പേർക്ക് കേരളത്തിൽ ജോലിയില്ല. സർക്കാർ കിറ്റ് കൊടുക്കുന്നുവെന്നും വോട്ട് വാങ്ങുകയാണെന്നും തരൂർ വ്യക്തമാക്കി. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നു.

അതേസമയം, തന്റെ പരിപാടിയ്ക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂർ വ്യക്തമാക്കി. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തിയതി അടക്കം തന്റെ കയ്യിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും.14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.