വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യ; ചൈനയേയും, ഡെൻമാർക്കിനെയും പിന്തള്ളി

ന്യൂഡൽഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടം കരസ്ഥമാക്കി ഇന്ത്യ. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചൈന, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. റാങ്കിംഗിൽ ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയത്.

2018 ലാണ് അവസാനമായി ഓഡിറ്റ് നടന്നത്. അന്ന് 69.95 ശതമാനമായിരുന്നു ഇന്ത്യയുടെ സ്‌കോർ. എന്നാൽ, നാലു വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ സ്‌കോർ 85.49 ശതമാനമായി ഉയർന്നു. 2018ൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022 ൽ 54 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ പുതിയ നേട്ടം. ഇന്ത്യയ്ക്ക് പിന്നിലായി 49 -ാം റാങ്ക് ആണ് ചൈന നേടിയിട്ടുള്ളത്. നിയമനിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിങ്, പ്രവർത്തനരീതികൾ, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ സംഘം ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ, എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎൻഎസ് വിഭാഗം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടർ ജനറൽ അരുൺ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. റാങ്കിംഗിൽ ആദ്യസ്ഥാനത്തുള്ളത് സിങ്കപ്പൂർ, യു.എ.ഇ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്. 22 -ാം സ്ഥാനത്താണ് അമേരിക്ക.