ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ…..

തണുപ്പ്കാലത്ത് ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ഇത് തടയാൻ ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ് തേൻ. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാൻ തേൻ സഹായിക്കും. ഇതിനായി തേൻ നേരിട്ട് ചുണ്ടിൽ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാൻ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങൾ കൊണ്ട് ചുണ്ടിൽ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കിൽ ഇത് അരച്ച് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറ്റും.

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും ചുണ്ടുകൾക്ക് വളരെ നല്ലതാണ്. പഞ്ചസാര നല്ലൊരു സ്‌ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാൻ സഹായിക്കും.

പാൽ ചുണ്ടിൽ തേക്കുന്നതും വളരെ നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരൾച്ച തടയും.