തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വീണ്ടും പോര് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് ഗവർണർ നിയമസഭയിൽ അവതരണ അനുമതി നൽകിയില്ല. തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത്. വിദേശമദ്യത്തിന്റെ കെ ജി എസ് ടി നാലു ശതമാനം വർദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകാതിരുന്നത്. ഡിസംബർ 1 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് 1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് അംഗീകാരം നൽകിയിരുന്നത്.
സംസ്ഥാനത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽ നിന്നീടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോഴുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വർദ്ധിപ്പിക്കുമെന്നായിരുന്നു നിയമഭേദഗതിയിൽ വ്യക്തമാക്കിയിരുന്നത്. സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലായതിനാലാണ് ഗവർണറുടെ അനുമതി വേണ്ടിയിരുന്നത്. ഭരണഘടനയുടെ 207(3) അനുച്ഛേദമനുസരിച്ചാണ് ഇത്തരം ബില്ലുകൾക്ക് ഗവർണറുടെ അനുമതി വേണ്ടത്.
അതേസമയം, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 ആക്കാനുള്ള ബില്ല് അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകി. മുഖ്യമന്ത്രിയാണ് ഈ ബിൽ തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഇരുബില്ലുകളും അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ചാണ് ദൂതൻ വഴി സർക്കാർ ഇവ രാജ്ഭവനിലെത്തിച്ചത്. കൊച്ചിയിലായിരുന്ന ഗവർണറുടെ അനുമതി തേടി ബില്ലുകൾ ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഗവർണർ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായമുയർത്താനുള്ള ബില്ലിൽ ഒപ്പിട്ടു. നികുതി വകുപ്പിന്റെ ബില്ല് അദ്ദേഹം ഒപ്പിടാതെ മാറ്റിവെയ്ക്കുകയായിരുന്നു.

