തിരുവനന്തപുരം: കുഫോസിൽ പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സർവകലാശാല ഗവേണിംഗ് കൗൺസിൽ സുപ്രീംകോടതിയിൽ അഭിഭാഷകനെ നിയോഗിച്ചു. ഹൈക്കോടതി വിധിക്കെതിര നാലാം എതിർകക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്നാണ് സർവകലാശാല ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കുന്നത്. സർവകലാശാല ധനകാര്യ വിഭാഗത്തിന്റെ അഭിപ്രായം തേടാതെയാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം.
തനത് ഫണ്ടിൽ നിന്നാണ് അഭിഭാഷകന് വേണ്ടി നൽകേണ്ട ഫീസ് ചെലവഴിക്കേണ്ടത്. വിദ്യാർത്ഥികൾ നൽകുന്ന ഫീസിൽ നിന്നടക്കം ഇതിനായി തുക വകമാറ്റേണ്ടി വരും. കുഫോസ് വിസിയായി റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ കുഫോസ് ആക്ടിംഗ് വിസിയായി ഡോ എം റോസലിൻഡ് ജോർജിനെ നിയമിച്ചിരുന്നു.
റിജി ജോണിന്റെ ഭാര്യയാണ് റോസ്‌ലിൻഡ് ജോർജ്. റോസ്‌ലിൻഡ് ജോർജിന്റെ നടപടികൾക്കെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിൽ തീർപ്പാകും വരെ ആക്ടിംഗ് വൈസ് ചാൻസലറെ ഗവർണർക്ക് നിയമിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് റോസലിൻഡ് ജോർജിനെ ഗവർണർ ആക്ടിംഗ് വിസിയായി നിയമിച്ചത്.

