സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവം; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്‌

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ തന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് കോടതിയില്‍ മൊഴിമാറ്റി.

ജനുവരിയില്‍ ആത്മഹത്യചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നത്. ആശ്രമത്തിന് തീയിട്ട കാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് വെളിപ്പെടുത്തിയതായും പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍, സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈംബ്രാഞ്ചിന്റെ സമ്മര്‍ദ്ദത്തിലാണെന്നാണ് പ്രശാന്ത് ഇപ്പോള്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് കേസില്‍ ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കിയിരിക്കുകയാണ്. പ്രശാന്ത് മൊഴി മാറ്റാനിടയായ സാഹചര്യം അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ 2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലുള്ള ആശ്രമവും മൂന്നു വാഹനങ്ങളും തീയിട്ട് നശിപ്പിച്ചത്. 2022 ജനുവരിയിലാണ് പ്രകാശന്‍ ആത്മഹത്യചെയ്തത്. മരിക്കുന്നതിന് തലേദിവസം പ്രകാശിനെ ചിലര്‍ മര്‍ദിച്ചിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിനശിച്ചതുമായി ബന്ധപ്പെട്ട ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം പ്രകാശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലോക്കല്‍ പോലീസില്‍നിന്ന് വാങ്ങി പരിശോധിച്ചിരുന്നു. തുടര്‍ന്ന് പ്രശാന്തിനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു.