ജ്യോതിരാദിത്യ സിന്ധ്യ 24 കാരറ്റ് വഞ്ചകൻ; രൂക്ഷ വിമർശനവുമായി ജയ്‌റാം രമേശ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ വഞ്ചകനാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ആരെങ്കിലും തിരിച്ചുവരാൻ സന്നദ്ധത കാണിച്ചാൽ അവരെ സ്വീകരിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് പാർട്ടി വിട്ടവരെ തിരികെ സ്വാഗതം ചെയ്യേണ്ട ആവശ്യമില്ല. അവരെല്ലാവരും പാർട്ടിയെ വിട്ടു പോകുകയും നശിപ്പിക്കുകയും ചെയ്തവരാണ്. എന്നാൽ അന്തസ്സോടെ പാർട്ടി വിട്ടവരും കോൺഗ്രസ് പാർട്ടിയോടും നേതൃത്വത്തോടും മാന്യമായ മൗനം പാലിക്കുന്നവരുമുണ്ട്. കപിൽ സിബലിനെപ്പോലുള്ളവർ പാർട്ടി വിട്ടതിനു ശേഷം മാന്യമായ നിശബ്ദത പാലിച്ചിട്ടുണ്ട്. അവർ തിരികെ വരുന്നത് അനുവദിക്കാം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുള്ളവരെ അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ധ്യയെ ’24 കാരറ്റ് വഞ്ചകൻ’ എന്നാണ് ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്.

സിബലിനെപ്പോലെയുള്ള നേതാക്കളെ സ്വാഗതം ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ പാർട്ടി വിടുകയും പാർട്ടിയെയും നേതൃത്വത്തെയും ചവിട്ടിയവരെയും തിരികെ സ്വാഗതം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.