കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പാണ് ഇക്കാര്യം അറിയിച്ചത്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായതെന്ന് മേയർ വ്യക്തമാക്കി.
10 കോടിയിലേറെ രൂപ കുടുംബശ്രീ ഫണ്ടിൽ നിന്ന് നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വിശദമാക്കി. വാർത്താ സമ്മേളനത്തിലാണ് മേയർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തി. കോർപ്പറേഷൻ തന്നെയാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ല. വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും മേയർ പറഞ്ഞു.

