കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്ര സേനയുടെ നിലപാട് ഹൈക്കോടതി തേടി. കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് സംസ്ഥാന സർക്കാർ എന്തിനാണു മടി കാണിക്കുന്നതെന്ന് ഇന്നു കേസ് പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും അദാനി ഗ്രൂപ്പ് പരാതിപ്പെട്ടിരുന്നു. വിഴിഞ്ഞത്തു പൊലീസിനു സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഈ ഉത്തരവു നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയുമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഹൈക്കോടതിയിൽ പോലീസ് സത്യവാങ്മൂലം നൽകി. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തിൽ നടന്ന കലാപമാണെന്നാണ് കേരളാ പോലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സംഘർഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഫാദർ യൂജിൻ പെരേര ഉൾപ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 40 പേജുള്ള റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. നവംബർ 26, 27 തീയതികളിൽ വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ഉണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. നവംബർ 26ന് ഹൈക്കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ തുറമുഖ നിർമാണത്തിന് എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചു. തുറമുഖ നിർമാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

