അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കാൻ അഞ്ചുനിമിഷം പോലും വേണ്ട; കെ സുരേന്ദ്രൻ

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കാൻ അഞ്ചുനിമിഷം പോലും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ ടി ജയകൃഷ്ണൻ ബലിദാനദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന മഹാറാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാർ നിയോഗിച്ച ഗവർണറാണ് കേരളത്തിലുള്ളത്. അന്യായമായ നിയമനങ്ങളിൽ ഗവർണർ ഇടപെടുക തന്നെ ചെയ്യും. കേരളത്തിൽ പിഎസ്‌സിയെ മറികടന്ന് പിണറായി സർക്കാർ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളെയും നിയമപരമായി ചോദ്യം ചെയ്യും. അനധികൃതമായി നിയമിക്കപ്പെട്ട വിസിമാർക്കെല്ലാം പുറത്ത് പോകേണ്ടി വരും. ഇതിന് വേണ്ടി വലിയ നീക്കം തന്നെ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭരണാധികാരികൾ നടത്തിയ അഴിമതി കൊണ്ടാണ് ലോകത്ത് കമ്മ്യൂണിസം തകർന്നത്. സ്വർണ്ണത്തിന്റെ പൈപ്പും സ്വർണ്ണപാത്രങ്ങളുമുപയോഗിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ പുറത്താക്കിയതും വെടിവെച്ച് കൊന്നതും അവിടുത്തെ ജനങ്ങൾ തന്നെയാണ്. ഇതേ പാതയിലാണ് കേരളത്തിലെ പിണറായി സർക്കാരും നീങ്ങുന്നത്. ലോകത്ത് മുഴുവൻ കമ്മ്യൂണിസം തകർന്ന് കഴിഞ്ഞു. ഇന്ത്യയിലും ഇപ്പോൾ കേരളത്തിൽ മാത്രമായി മാർക്‌സിസ്റ്റ് പാർട്ടി ചുരുങ്ങി. കാറൽ മാർക്‌സിന്റെ പ്രതിമയിൽ മാലയിടാൻ പിണറായി വിജയന് ലണ്ടനിലേക്ക് പോകേണ്ടി വന്നത് സിപിഎമ്മിന്റെ ഗതികേടാണ് കാണിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സർക്കാർ ജീവനക്കാർക്കും നിയമങ്ങൾ ബാധകമാണ്. പിണറായിയുടെ ഇരട്ടച്ചങ്ക് പാർട്ടി പ്രവർത്തകരോട് മാത്രം മതി. ഗവർണർ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നിയമപരമായാണ്. പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ഗവർണ്ണറെ അയച്ചത് മൻമോഹൻ സിങ്ങല്ല മറിച്ച് നരേന്ദ്ര മോദിയാണെന്ന് പിണറായി സർക്കാർ മനസ്സിലാക്കുന്നത് നല്ലതാണ്. തൊഴിലില്ലാത്തവർക്കു തൊഴിൽ എന്നത് ഡിവൈഎഫ്‌ഐയുടെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നില്ലേ. എത്രമാത്രം മുദ്രാവാക്യങ്ങളാണ് അവർ വിളിച്ചിട്ടുള്ളത്. എന്തുമാത്രം സമരമാണ് അവർ നടത്തിയിട്ടുള്ളത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോൾ വാഗ്ദ്ധാനം ചെയ്തതല്ലേ അഞ്ചുവർഷം കൊണ്ടു പത്തുലക്ഷം പേർക്ക് തൊഴിൽ എന്നത്. അതെവിടെ പോയെന്ന ചോദ്യവും കെ സുരേന്ദ്രൻ ഉന്നയിച്ചു.