ന്യൂഡൽഹി: ഭീകരതക്കെതിരെ ശക്തമായ നിലപാടുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തി കടന്നുള്ള ഭീകരവാദവും ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരവാദവും ഇന്ത്യക്ക് ഭീഷണിയായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയിലും ഇന്തോനേഷ്യയിലും മതേതരത്വവും, സാമൂഹിക സൗഹാർദവും വളർത്തുന്നതിൽ മുസ്ലീം പണ്ഡിതരുടെ പങ്കിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്. മുസ്ലീം പണ്ഡിതരുടെ സംഘടനയായ ഉലമയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരു രാജ്യങ്ങളും തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളാണ്. ഇത്തരം വെല്ലുവിളികളെ ഒരു പരിധിവരെ അതിജീവിച്ചെങ്കിലും, അതിർത്തി കടന്നുള്ളതും ഐസിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതുമായ ഭീകരവാദം ഇപ്പോഴും രാജ്യത്തിന് ഭീഷണിയായി തുടരുകയാണ്. തീവ്രവാദത്തെ തടയുന്നതിന് പൗര സമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്ത് വിദ്വേഷം, മുൻവിധി, കുപ്രചരണം, അക്രമം, സംഘർഷം, മതത്തിന്റെ വിശ്വാസങ്ങളുടെ ദുരുപയോഗം തുടങ്ങിയ കാര്യങ്ങൾക്കൊന്നും സ്ഥാനമില്ല. യുവാക്കളാണ് വിഘടനവാദികളുടെ പ്രധാന ലക്ഷ്യം. അവരുടെ ഊർജം ശരിയായ ദിശയിൽ ഉപയോഗിക്കുകയാണെങ്കിൽ അവർക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും. സമൂഹത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നവരെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും അവരുടെ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സർക്കാരുകളും മതസ്ഥാപനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം. ഇക്കാര്യത്തിൽ ഉലമക്ക് പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിന്റെ യഥാർത്ഥ ആശയങ്ങളെയും തത്വങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും പുരോഗമന ആശയങ്ങളും ചിന്തകളും പങ്കുവെച്ച് തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും മുസ്ലീം പണ്ഡിതൻമാർക്ക് സാധിക്കും. തീവ്രവാദത്തിനെതിരെ നാമെല്ലാവരും ശബ്ദമുയർത്തേണ്ടതുണ്ട്. തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്റെ ആശയങ്ങൾക്ക് എതിരാണ്, കാരണം ഇസ്ലാം എന്നാൽ സമാധാനവും ക്ഷേമവുമാണ്. തീവ്രവാദ ശക്തികളോടുള്ള എതിർപ്പിനെ ഏതെങ്കിലും മതത്തോടുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

