വിഴിഞ്ഞം ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും; മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി

മലപ്പുറം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് ഡിജിപി അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുകയാണ്. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നതെന്നും അദ്ദേഹം വിശദമാക്കി.

ജനങ്ങളുടെ ശാന്തമായ ജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങൾ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേർക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ആഹ്വാനങ്ങൾ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവർ ഇത്തരത്തിൽ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.