‘ലോകായുക്തക്ക് അന്വേഷിക്കാം, അഴിമതിക്ക് മറയാകരുത് ദുരന്തങ്ങള്‍’; പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ ഹൈക്കോടതി

കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാകരുത് ദുരന്തങ്ങളെന്ന് കോവിഡ് കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി. അഴിമതി ആരോപണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മറ്റ് മെഡിക്കല്‍ വസ്തുക്കളും വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവായ വീണ എസ്. നായരാണ് ലോകായുക്തക്ക് മുന്നില്‍ പരാതി നല്‍കിയത്. ലോകായുക്ത ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജന്‍ ഖൊബ്രഗഡെ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ‘ഈ പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. ദുരന്തനിവാരണ നിയമപ്രകാരമാണ് കോവിഡ് കാലത്ത് ഇത്തരം വസ്തുവകകള്‍ വാങ്ങിയത് ഒരു പ്രത്യേകസംരക്ഷണത്തോടെയാണ് ഈ കാര്യങ്ങള്‍ നടന്നിരിക്കുന്നത്. പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല’- എന്നിങ്ങനെയായിരുന്നു ഇവരുടെ വാദം.

അതേസമയം, എന്നാല്‍, അഴിമതി ആരോപണം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ‘ദുരന്തനിവാരണ നിയമ പ്രകാരമാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്നത് ശരിയാണ്. ആ സംരക്ഷണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നോ ഇല്ലയോ എന്നുള്ളത് ആദ്യം അന്വേഷിക്കപ്പെടട്ടേ. പ്രത്യേക സംരക്ഷണത്തിന്റെ കാര്യം പിന്നീട് പരിഗണിക്കാം’- എന്നും കോടതി അറിയിച്ചു.