വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം; എന്‍ഐഎ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം നടത്താനായി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. ആക്രമണത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഭവത്തില്‍ വിഴിഞ്ഞം പൊലീസിനോട് ഇവര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞത്ത് വന്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ മുന്‍ അംഗങ്ങളുടെ ഗൂഢപങ്കാളത്തിമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ മുന്‍ അംഗങ്ങളാണ് സമരത്തില്‍ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകള്‍, മാവോയിസ്റ്റ് ഫ്രോണ്ടിയര്‍ ഓര്‍ഗനൈസേഷന്‍, തീവ്ര ഇസ്ലാമിക ചിന്താഗതിക്കാര്‍ തുടങ്ങിയവരുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശബന്ധമുള്ള ഒരു മുതിര്‍ന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്ബതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മുടക്കാന്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് സമരം നടത്തി പാറ കിട്ടാത്ത സാഹചര്യം ഉണ്ടാക്കാന്‍ ഇവര്‍ രൂപരേഖ തയ്യാറാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചുമതല നല്‍കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിയോടും നിര്‍ദ്ദേശിച്ചു.