കൊളംബോ: ഇന്ത്യന്‍ രൂപയെ വിദേശ കറന്‍സിയായി വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി ശ്രീലങ്കക്കാര്‍ക്ക് ഇനി 10,000 ഡോളറിനു തുല്യമായ ഇന്ത്യന്‍ രൂപ കൈവശം വെക്കാം. ഏഷ്യന്‍ മേഖലയില്‍ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും രൂപയുടെ സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള ഇന്ത്യന്‍ ഗവണ്മെന്റിന്റെ നയത്തിന്റെ ഭാഗമാണ് അനുമതി. സാമ്പത്തിക പ്രതിസന്ധി കാരണം ഡോളറിന്റെ ലഭ്യതക്കുറവു മൂലമുള്ള പ്രശ്നം പരിഹരിക്കാന്‍ ഇതു ശ്രീലങ്കക്കു സഹായമാകും.
ഇതോടെ ലങ്കന്‍ പൗരന്മാര്ക്ക് ഇനി ഇന്ത്യന്‍ രൂപയെ ഏതു കറന്‍സിയിലേക്കും മാറ്റാം. ഇതിനായി നോസ്ട്രോ അക്കൗണ്ട് (വിദേശ കറന്‍സി കൈകാര്യം ചെയ്യാനുള്ള അക്കൗണ്ട്) തുറക്കാന്‍ ശ്രീലങ്കന്‍ ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കുകളുമായി കരാറുണ്ടാക്കണം.
അതേസമയം, ശ്രീലങ്കന്‍ ബാങ്കുകളുടെ ഓഫ്ഷോര്‍ യൂണിറ്റുകള്‍ക്ക് പ്രവാസികളില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീലങ്കന്‍ പൗരന്മാര്ക്കും വിദേശികള്‍ക്കും തമ്മില്‍ ഇനിമുതല്‍ കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ അടക്കമുള്ള കറന്റ് അക്കൗണ്ട് ഇടപാടുകള്‍ നടത്താനും സാധിക്കും.

