വിഴിഞ്ഞം പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് സമരസമിതി ഒഴികെയുള്ളവർ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു; ജി ആർ അനിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരവുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ചു ചേർത്ത് സർക്കാർ. പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും പാർട്ടികളും ആവശ്യപ്പെട്ടതായാണ് മന്ത്രി ജി ആർ അനിൽ സർവ്വകക്ഷി യോഗത്തിന് ശേഷം പറഞ്ഞത്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് സർവ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഞായറാഴ്ച നടന്ന അക്രമം സ്വാഭാവിക പ്രതികരണം എന്നാണ് സമരസമിതി പറഞ്ഞത്. അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ല. സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സമരസമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പലതവണ ചർച്ച നടത്തിയിട്ടുണ്ട്. കേൾക്കുമ്പോൾ പോസിറ്റീവായുള്ള അവരുടെ പ്രതികരണം പിന്നീട് നെഗറ്റീവാകുന്നതാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങളെ എല്ലാവരും അപലപിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകൾ ആ നിലയ്ക്ക് തന്നെ മുന്നോട്ട് പോകും. പദ്ധതി ഉപേക്ഷിക്കാനോ തടസ്സപ്പെടാനോ പാടില്ലെന്നതാണ് സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.