ലണ്ടൻ: മങ്കിപോക്സിന്റെ പേരിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. എംപോക്സ് (mpox) എന്ന പേരിലായിരിക്കും ഇനി മങ്കിപോക്സ് അറിയപ്പെടുകയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന പേരുമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചത്. പിന്നീട് ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. തിങ്കളാഴ്ച്ചയാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സിന്റെ പേര് മാറ്റിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മങ്കിപോക്സ് എന്ന പേര് കറുത്ത വർഗക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്നു എന്നതാണ് രോഗത്തിന്റെ പേര് മാറ്റാനുള്ള പ്രധാന കാരണം. മങ്കിപോക്സ് എന്ന പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകുമെന്നതാണ് പേര് മാറ്റാനുള്ള മറ്റൊരു കാരണം.
ആഗോളതലത്തിലെ വിദഗ്ധരുമായുള്ള നിരവധി ചർച്ചകൾക്കു ശേഷമാണ് മങ്കിപോക്സിന്റെ പേര് എംപോക്സ് എന്ന് മാറ്റിയത്. വരും വർഷം കൂടി ഇരുപേരുകളും ഉപയോഗിക്കുകയും ഘട്ടംഘട്ടമായി എംപോക്സ് എന്ന പേരുമാത്രമാവുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

