തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സമരക്കാർ അടിച്ചു തകർത്തു. സംഘർഷത്തിൽ 35 ലേറെ പൊലീസുകാർക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.
സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും ആക്രമണം നടന്നു. സംഘർഷത്തിൽ എസ് ഐ ലിജോ പി മണിയ്ക്ക് കാലിൽ ഗുരുതമായ പരിക്കേറ്റു. സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തിയിരുന്നു.
അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്.

