ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എസ്‌ഐഎ

ശ്രീനഗര്‍: നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ അനന്ത്‌നാഗ് ജില്ലയില്‍ വെച്ച് കണ്ടുകെട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. വിഘടനവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയെന്നാരോപിച്ച് സംഘടനക്കെതിരെയുള്ള നടപടിയുടെ ഭാഗമായിരുന്നു റെയ്ഡിലാണ് സ്വത്തുക്കള്‍ കണ്ട് കെട്ടിയത്.

അതേസമയം, ജമ്മു കശ്മീരിലുടനീളം ജമാഅത്തിന്റെ ഇരുന്നൂറോളം സ്വത്തുക്കള്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി. ഷോപിയാന്‍ ജില്ലയില്‍ നോട്ടീസ് നല്‍കുകയും രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വസ്തുവകകള്‍ നേരത്തെ എസ്‌ഐഎ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അനന്ത്നാഗ് ജില്ലയിലെ മജിസ്ട്രേറ്റില്‍ നിന്ന് ഉത്തരവ് ലഭിച്ചതിന് ശേഷം കനത്ത പൊലീസ് സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് എസ്ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതും കണ്ടുകെട്ടിയതും. യുഎപിഎ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ചിലയിടത്ത് സംഘര്‍ഷത്തിന് വഴിയൊരുക്കി.

ജമ്മു കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ-മത സംഘടനയാണ് ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമി. 2019-ല്‍ നിരോധിക്കുന്നതിന് മുമ്പ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംഘടന നടത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാകുന്നത് തടയാനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.