കൊച്ചി: പാർട്ടി കീഴ്വഴക്കങ്ങൾ ലംഘിച്ച് സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന തരത്തിൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ പാർട്ടി കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താരിഖ് അൻവറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ല. പൊതുവേദിയിലോ പാർട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ട്. 16 വർഷമായി ചെയ്യുന്ന കാര്യമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. നേതാക്കളുമായി സംസാരിക്കുന്നതിന് തടസ്സമില്ലെന്നും ആരോടും അമർഷമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആരോടും മിണ്ടാതിരിക്കുന്നില്ല. തന്നോട് സംസാരിച്ചാൽ മറുപടി പറയും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തിൽ സുഹൃത്ത് ക്ഷണിച്ചിട്ടാണ് പോയത്. മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

