ന്യൂഡല്‍ഹി: പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം സുപ്രീംകോടതിയില്‍. പരിശോധന നടത്താതെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയതെന്ന് സംസ്ഥാന നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി വ്യക്തമാക്കിയത്.
അതേസമയം, കോവിഡ് കാലത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്ന സെന്ററായി ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നു. കോളേജിന്റെ സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. അക്കാലത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് കോളേജിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന ആരോഗ്യ സര്‍വകലാശാലയും നിര്‍ദേശിച്ച എല്ലാ പോരായ്മകളും നീക്കിയാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത് എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2016-17 അധ്യയന വര്‍ഷത്തിലാണ് ചേര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചത്. 150 വിദ്യാര്‍ഥികള്‍ ആയിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ആരോഗ്യ സര്‍വകലാശാലയും നടത്തിയ പരിശോധനയില്‍ കോളേജിന് അടിസ്ഥാന സൗകര്യം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 149 വിദ്യാര്‍ഥികളെ സംസ്ഥാനത്തെ മറ്റ് ഒന്‍പത് സ്വാശ്രയ കോളേജുകളിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോഴ്‌സ് പുനരാരംഭിക്കാനായി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിന് കോളജ് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കി. പിന്നീട് പരിശോധന പോലും നടത്താതെ കോളേജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അവഗണിച്ച് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാന്‍ ഇടപെട്ടതിന്റെ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളേജ് വീഴ്ച വരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത്.

