തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായി നടന്ന എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം, രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ ബി.ജെ.പി കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് ചോദ്യമുന്നയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തെങ്കില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഇപ്പോള്‍ നോട്ടീസ് നല്‍കിത്തുടങ്ങിയത്. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
നവംബര്‍ 15-നാണ് എല്‍.ഡി.എഫ്. ഗവര്‍ണര്‍ക്കെതിരേ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സര്‍വീസിലിരിക്കുന്ന കാലയളവില്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം.

