മുപ്പതാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മുപ്പതാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക, സിനിമ, സഹകരണം, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സീരിയല്‍ വിഭാഗത്തില്‍ ഇത്തവണയും അവാര്‍ഡുകളൊന്നുമില്ല. ‘യോഗ്യമായ സീരിയലുകള്‍’ ഇല്ലെന്നാണ് ജൂറി സൂചിപ്പിച്ചത്.

ടെലിവിഷന്‍ പരമ്ബരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു കഴിഞ്ഞവര്‍ഷത്തെ ജൂറിയുടെ ആശങ്ക. കുടുംബ പ്രേക്ഷകര്‍ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയില്‍ ടെലിവിഷന്‍ പരമ്ബരകളിലും കോമഡികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് ഓരോ എന്‍ട്രികള്‍ പരിശോധിച്ച് ജൂറി വ്യക്തമാക്കിയിരുന്നു.

വിനോദ വിഭാഗത്തില്‍, ജനപ്രിയ കോമഡി ഷോയായ ‘ഒരു ചിരി ഇരു ചിരി ബമ്ബര്‍ ചിരി’ ‘മികച്ച ടിവി ഷോ’ അവാര്‍ഡ് നേടി. അനീഷ് രവിയും മഞ്ജു പത്രോസും അഭിനയിച്ച ‘അളിയന്‍സ്’ മികച്ച കോമഡി ഷോയായി പ്രഖ്യാപിക്കപ്പെട്ടു, ‘മറിമായ’ത്തിലെ പ്രകടനത്തിന് നടന്‍ ഉണ്ണി രാജന്‍ മികച്ച ഹാസ്യനടനായി.നടന്‍ ഇര്‍ഷാദ് കെ മികച്ച നടനായും നടന്‍ മണികണ്ഠന്‍ പട്ടാമ്ബി മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ മികച്ച ടെലിവിഷന്‍ നടിക്കുള്ള അവാര്‍ഡ് നടി കാതറിനായിരുന്നു എന്നതാണ് ശ്രദ്ധേയം. സംവിധായകന്‍ കെ കെ രാജീവ്, നടി മഞ്ജു പത്രോസ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.