തിരുവനന്തപുരം: ഡോ എം റോസലിൻഡ് ജോർജിനെ കുഫോസ് ആക്ടിംഗ് വൈസ് ചാൻസലറായി നിയമിച്ചു. ഗവർണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല.
കേസിൽ തീർപ്പാകും വരെ ആക്ടിംഗ് വൈസ് ചാൻസലറെ ഗവർണർക്ക് നിയമിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് റോസലിൻഡ് ജോർജിനെ ഗവർണർ ആക്ടിംഗ് വിസിയായി നിയമിച്ചത്.
ഫിഷറീസ് സർവകലാശാലയിലെ ഫാക്കൽറ്റി ഡീനും മുതിർന്ന പ്രൊഫസറുമാണ് റോസലിൻഡ് ജോർജ്. നിലവിലെ ചുമതലകൾക്ക് പുറമെ റോസലിൻഡ് ജോർജ് വിസിയുടെ ചുമതലയും ഏറ്റെടുക്കണമെന്ന് വ്യക്തമാക്കിയാണ് രാജ്ഭവൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചാൻസലറെന്ന നിലയിൽ യുജിസി മാർഗനിർദ്ദേശങ്ങളും സർവകലാശാല നിയമവും പാലിച്ചാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

