കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രനെ ഇകഴ്ത്തുന്നതിന് വേണ്ടി തയ്യാറാക്കിയ കത്തെന്ന് എഫ്ഐആർ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കൂടുതൽ നടപടികളുമായി ക്രൈംബ്രാഞ്ച്. വ്യാജരേഖ ചമയ്ക്കലിനെതിരായ വകുപ്പടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തിൽ മേയർ ആര്യ രാജേന്ദ്രനെയും തിരുവനന്തപുരം നഗരസഭയെയും ഇകഴ്ത്തുന്നതിന് വേണ്ടി തയ്യാറാക്കിയ കത്ത് എന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. മേയർ സ്ഥലത്തില്ലാത്തപ്പോൾ ലെറ്റർ പാഡ് ദുരുപയോഗം ചെയ്തു കൃത്രിമം കാണിച്ചാണ് കത്ത് തയ്യാറാക്കിയതെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബർ 31 മുതൽ നവംബർ 4 വരെ മേയർ ഡൽഹിയിലായിരുന്നു. ഡി.വൈ.എഫ്.ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് മേയർ ഡൽഹിയിലെത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുക്കുന്നത്.

അതേസമയം, കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും ആര്യാ രാജേന്ദ്രന്റെയും മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.