തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്.
‘രാജ്ഭവനില്‍ സ്റ്റാഫിനെ നിയമിക്കുന്നത് ആജീവനാന്ത പെന്‍ഷന്‍ നല്‍കാനല്ല. എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ നികുതി പണം പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയാണ്. പ്രതിപക്ഷ നേതാവിന് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ്’- മുരളീധരന്‍ പരിഹസിച്ചു.
അതേസമയം, രാജ്ഭവനില്‍ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, അഞ്ചുവര്‍ഷത്തില്‍ താഴെമാത്രം സേവന പരിയമുള്ളവരെ സ്ഥിപ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയിരുന്നു. അനുവദിച്ചിട്ടുള്ള തസ്തികകളില്‍ നിന്നും ഒരാളെ പോലും അധികമായി നിയമിച്ചിട്ടില്ലെന്ന് രാജ് ഭവന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പത്തുവര്‍ഷം താല്‍ക്കാലിക ജോലി ചെയ്യുന്നവരെ സ്ഥിപ്പെടുത്തുന്ന പതിവുള്ളതുകൊണ്ടാണ് 23വര്‍ഷം ജോലി ചെയ്ത ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്‌തെന്നും ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും രാജ് ഭവന്‍ വിശദീകരിക്കുന്നു.

