സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് കെ-റെയില്‍

തിരുവനന്തപുരം: കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കെ റെയില്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ-റെയിലിന്റെ വിശദീകരണം.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ നടപടികള്‍ തുടര്‍ന്ന് വരികയാണ്. റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങി പദ്ധതി നടപ്പിലാക്കാനാവശ്യമായ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖയാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയതെന്നും കെ-റെയില്‍ അറിയിച്ചു. 2020 സെപ്റ്റംബര്‍ ഒമ്പതിന് സമര്‍പ്പിച്ച ഡി.പി.ആര്‍ പരിശോധിച്ച് റെയില്‍വേ ബോര്‍ഡ് ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം കെ.റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയില്‍ പറയുന്നു.